Monday, August 13, 2012

തേക്കടിയില്‍ പോകാം.


പ്രവാസത്തിന്റെ നീണ്ട കാത്തിരിപ്പു കഴിഞ്ഞു, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ളകവാടങ്ങള്‍ എനിക്ക് മുന്‍പില്‍ മലക്കെ തുറന്നു..അങ്ങനെ നാട്ടിലെത്തി, ഇനി എല്ലാരേം പോലെ കറക്കം തന്നെ പരിപാടി,..കൂട്ടുകാരെയെല്ലാം പിന്നെയും കണ്ടു പിടിച്ചു ഇനി യാത്ര, ഉല്ലാസ യാത്ര... ആഹ്ലാദം അര്മാധിപ്പ് .. രണ്ടോ മൂന്നോ ദിവസം പോകാന്‍ പറ്റിയ സ്ഥലം ഏതാണ് ?. സെര്ചിങ്ങോട് സെര്ചിങ്ങു.. അവസാനം ഗൂഗിള്‍ തെറി വിളിക്കും എന്ന അവസ്ഥയായപ്പോള്‍ അത് മതിയാക്കി.അപ്പോളാണ് ഐഡിയ.. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ യാത്ര...ഒരു സ്ഥലം പ്ലാന്‍ ചെയ്യാതെ, പോകുന്ന അന്ന് എല്ലാവരും വണ്ടിയില്‍ കയറിയ ഉടനെ സ്ഥലം ഫിക്സ് ചെയ്യുക..എങ്ങനൊണ്ട് ഐഡിയ അഫാരം( ഈ '' അല്ല ഫാര്യേടെ '' ).
അങ്ങനെ ആ സുദിനം വന്നെത്തി. ഏകദേശം രാത്രി പത്തു മണിയോടെ എല്ലാത്തിനേം ഒരു വിധം വണ്ടീലാകി. ഇനി സ്ഥലം ഫിക്സ് ചെയ്യല്‍ മഹാമഹം... അടിനാശം വെള്ളപൊക്കം... തേക്കടിയില്‍ പോകാം. ആരോ പറഞ്ഞു അവസാനം ആറില്‍ നാല് ഭൂരിപക്ഷത്തോടെ ആ പ്രമേയം അങ്ങ് പാസാകി...തേക്കടിയെങ്കില്‍ തേക്കടി. വേറെ എവിടെ പോകണമെന്ന് അവിടെ ചെന്നിട്ടു തീരുമാനിക്കാം. ചടയമംഗലം പമ്പിലെ ഡീസലിനെ ആവാഹിച്ചു , ആയൂര്‍ എം സി റോഡിലൂടെ കോട്ടയം - കുമളി- തേക്കടി ലക്ഷ്യമാകി നമ്മുടെ രഥം ഷെവർലെ ടവേര പാഞ്ഞു
രാത്രിയുടെ നിശബ്ദതയില്‍, ഞങ്ങളുടെ വിവരക്കേടുകളുടെയും   തമാശകളുടെയും പൊട്ടിച്ചിരികള്‍ മുഴങ്ങിക്കേട്ടു.. ഓരോരുത്തരായി ടവേര എങ്ങനെ ഓടിക്കാം  എന്നതില്‍ ഗവേഷണം നടത്തി, കോട്ടയം എത്താറായപ്പോള്‍ കുണുങ്ങി കുണുങ്ങി  നമ്മുടെ രഥം റോഡിന്റെ വശം ചേര്‍ന്ന് നിന്നു... രഥത്തിന്റെ കുറ്റമല്ല തൊട്ടടുത്തുള്ള തട്ടുകടയാണ് കാരണക്കാരന്‍ എന്ന് ദോശയോടും ഒമ്ലെടിനോടും മല്പിടുതം നടത്തുമ്പോഴാണ്  മനസിലായത്. ലോകം മുഴുവന്‍ നിദ്രയുടെ യാമങ്ങളില്‍ ഊളിയിടുമ്പോള്‍നമ്മള്‍ മീന്‍ ചാറിലും ചമ്മന്തിയിലും മുക്കി ദോശ അടിക്കുന്നു.ഒംലറ്റില്‍ കാവ്യങ്ങള്‍ രചിക്കുന്നു. കട്ടന്‍ ചായയുടെ ചൂടിനെ ആസ്വദിക്കുന്നു, ഇതൊക്കെ ഇല്ലെങ്കില്‍ എന്ത് ജീവിതം.നീണ്ട ഒരു ഏമ്പക്കവും വിട്ടു കോട്ടയം ജംഗ്ഷന്‍ കുറച്ചു സമയം കയ്യേറി..വെറുതെ ചുറ്റിയടിച്ചു...വിശപ്പിന്റെ വിളി ഒരു വഴിക്കായപ്പോള്‍ പതിയെ യാത്ര തുടര്‍ന്നു.
കാഞ്ഞിരപ്പള്ളി  കഴിഞ്ഞു കുറെ ദൂരം സഞ്ചരിച്ചു, ഏകദേശം   ഫോറെസ്റ്റ്  ഏരിയയോട്  അടുക്കാരായപ്പോള്‍ നല്ല മഴ പെയ്യാന്‍ തുടങ്ങി. ചില യാത്രകളെ മഴ കുഴയ്ക്കുമെങ്കിലും,  ഞങ്ങളുടെ യാത്രകളെ   അത്  കൂടുതല്‍ സുന്ദരമാകിയിട്ടെ ഉള്ളു.  ഇതും അതു പോലെ... നല്ല ശക്തമായ മഴ, മുന്നിലുള്ള റോഡ്‌ കാണാന്‍ കഴിയാത്ത അവസ്ഥ. പതിയെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.. പ്രവാസിയുടെ സുന്ദര സ്വപ്നങ്ങളെ എന്നും കുളിരണിയിക്കുന്ന മഴ. പ്രവാസ ജീവിതത്തില്‍ പലപ്പോഴും സ്വപ്നങ്ങളില്‍ എന്നെ നനയിച്ചിട്ടുള്ള മഴ.  ആ മഴയുടെ ഭംഗി ഹെട്ലാംപ്  വെളിച്ചത്തില്‍ ആസ്വദിച്ചു കൊണ്ട് , പതിയെ രഥം തെളിച്ചു.. ശരിക്കും ത്രില്ലിംഗ്. ഇരുണ്ട രാത്രിയുടെ മാറിലേക്ക്‌, സന്തോഷമാര്‍ന്ന  പൊട്ടിചിരികള്‍ക്കിടയിലേക്ക്  .. എങ്ങു നിന്നോ ഓടി വന്നു കെട്ടിപിടിച്ച ആത്മ സുഹുര്തിനെപ്പോലെ , മഴയുടെ നേര്‍ത്ത കുളിരാര്‍ന്ന കരങ്ങള്‍.., റോഡിന്‍റെ  ഇരു വശത്തും കൊടുംകാടും.. പ്രകൃതിയുടെ അപൂര്‍വ  കൂടിചേരലുകളില്‍ ഒന്ന്...  
കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോള്‍ മഴ എവിടെയ്ക്കോ മാഞ്ഞു പോയി. പിന്നെ അല്പം കൂടി വേഗത കൂട്ടാമെന്ന് കരുതിയപ്പോള്‍ അടുത്ത അത്ഭുദം, മഴ ബാക്കി വച്ച് പോയ മഞ്ഞ്. പുലരിയിലേക്ക്  ഒറ്റയ്ക്ക്  ഓടിക്കൊണ്ടിരിക്കുന്ന രാത്രിയുടെ കൂട്ടിനെന്നപോലെ, കാടിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന മഞ്ഞ്.അങ്ങനെ അതിനെ കീറിമുറിച്ചു , മഞ്ഞിന്റെ  തണുത്ത  തഴുകലിന്റെ  സുഖത്തില്‍ ലയിച്ചു പിന്നെയും യാത്ര തുടര്‍ന്നു.. അപൂര്‍വ്വം     ചില യാത്രകളില്‍  മാത്രമേ പ്രകൃതി അതിന്റെ മാസ്മരിക ഭാവം നമുക്ക് മുന്നില്‍ കാട്ടിയിട്ടുള്ളൂ. നേരം പുലരുന്നതിനു മുന്‍പുതന്നെ കുമളി എത്തി. ചെക്ക്പോസ്റ്റ്  കടന്നു ഒരു മുറിയെടുത്തു ഫ്രഷ്‌ ആയി, ഇനിയടുത്ത ലക്‌ഷ്യം ബോട്ടിംഗ്.
ഇടുക്കി ജില്ലയില്‍ പെരിയാര്‍ ടൈഗേര്‍ റിസേര്‍വ് ഫോരേസ്ടിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി. ആണ്. ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്. തമിഴ്നാട്‌ അതിര്‍ത്തിയിലുള്ള പെരിയാര്‍ തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയപ്പോള്‍ രൂപപ്പെട്ടതാണ്. തേക്കടിയിലെ മുഖ്യ ആകര്‍ഷണമാണ് ഇതിലൂടെയുള്ള ബോട്ടിങ്ങ്.
രാവിലെ എല്ലാവരും കുളിച്ചു ബോടിങ്ങിനു തയാറായി വന്നപ്പോള്‍ സമയം 8 മണി. 7 മണിക്ക് ആദ്യത്തെ ബോട്ടിങ്ങ് ആരംഭിക്കുമെന്ന് അറിഞ്ഞത് അപ്പോളാണ്. അടുത്തത് 9 മണിക്ക് തുടങ്ങും, ഭക്ഷണംകഴിച്ചു ബോടിങ്ങിനുള്ള സ്ഥലത്തേക്ക് നടന്നു. ബോട്ടിങ്ങിനെക്കുരിചോര്‍ക്കുമ്പോള്‍ ഒരു നൊമ്പരം എല്ലാവരുടെയും മനസിലൂടെ കടന്നു പോകുമെന്നറിയാം. ദുരന്തങ്ങള്‍ എത്ര പേരുടെ സന്തോഷം ആണ് നശിപ്പിക്കുന്നത്..
എല്ലാവര്ക്കും ടിക്കറ്റെടുത്ത് ബോടിലേക്ക് പോയി. സുരക്ഷ സംവിധാനങ്ങളൊക്കെ ഉണ്ട്. ചിലപ്പോഴെങ്കിലും ദുരന്തങ്ങളാണല്ലോ സുരക്ഷയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്‌. പെരിയാര്‍ തടാകത്തിലൂടെ കാറ്റിന്റെ നേര്‍ത്ത ചൂളം വിളികേട്ടു, കുഞ്ഞോളങ്ങളില്‍ തെന്നിതെരിച്ചു ബോട്ട് നീങ്ങി. കുറച്ചു ദൂരംചെന്നപ്പോള്‍ അഹങ്കാരത്തോടെ കരയില്‍ നില്‍ക്കുന്ന കാട്ടുപോത്തുകളെ കണ്ടു, ആരെടാ നമ്മുടെ സ്ഥലത്ത് എന്നാ ഭാവത്തോടെ. പിന്നെ പതിയെ ഓടി കാട്ടിലേക്ക് മറഞ്ഞു. ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാൻ, കേഴമാൻ, കരടി, മുതല തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കുറച്ചു മൃഗങ്ങളെ കാണാനേ കഴിഞ്ഞുള്ളൂ, പിന്നെ പേരറിയാത്ത പക്ഷികളും. ചിലതൊക്കെ പറന്നു വന്നു തടാകത്തിനു നടുക്കുള്ള മരകുറ്റികളില്‍ ഇരുന്നു ചിറകു വിരിച്ചു. ചുറ്റിനും വന്യമായ കാടിന്റെ സുന്ദര മുഖം. അതില്‍ പ്രകൃതിയിലേക്ക് ലയിച്ചു നിഷ്കളങ്കതയോടെ ഞങ്ങളും.
കാറ്റിനെ തലോടി കൈകള്‍ പുറതെയ്ക്കിട്ടിരുന്നു, അപ്പോഴാണ് കാടിന്റെ ഒരു വശത്തായി കുറെ പടവുകള്‍ മുകളിലേക്ക്.ഈ കൊടും കാടിന് നടുവില്‍ എങ്ങനെ പടവുകള്‍ വന്നു ഞങ്ങള്‍ ആലോചിച്ചു.. അതിനു മുകളിലായി കൊട്ടാരം പോലെ എന്തോ ഒന്ന്. അത് കെ ടി ഡി സി യുടെ ഹോട്ടല്‍ ആണെന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്..പെരിയാര്‍ തടാകത്തിനു നടുവിലുള്ള ദ്വീപിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.. പെരിയാർ വന്യജീവിസങ്കേതത്തിനകത്ത് പ്രവർത്തിക്കുന്ന ഒരേ ഒരു ഹോട്ടലാണ് ആരണ്യനിവാസ്.
ഞങ്ങളുടെ തൊട്ടുമുന്നിലിരുന്ന സുന്ദരി തിരക്കിട്ട് ഓരോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്തുന്നുണ്ടായിരുന്നു, ഞങ്ങളും. ദൂരെ മറ്റൊരു ബോട്ട് ഓളങ്ങളെ ഉമ്മവെച്ചു ഞങ്ങള്‍ക്കരികിലൂടെ കടന്നു പോയി. രണ്ടു മൂന്നു വട്ടം തടാകത്തില്‍ കറങ്ങി നമ്മുടെ ബോട്ട് തിരിച്ചു പൊയ്, ഞങ്ങള്‍ തടാകതെയും കാടിനേയും ഭൂമിയുടെ അവകാശികളെയും വിട പറയാന്‍ നേരമായി. ചെറിയൊരു നൊമ്പരം ഉണ്ടെങ്ങിലും, അവരുടെ ലോകത്ത് അതിക്രമിച്ചു കടന്നിട്ട്, പോകാതിരിക്കുന്നതും ശരിയല്ലല്ലോ. അവരും ഈ ഭൂമിയുടെ അവകാശികളല്ലേ. അവരോട് യാത്രമൊഴിചൊല്ലി ഞങ്ങള്‍ ബോട്ടില്‍ നിന്നും ഇറങ്ങി കരയിലേക്ക് നടന്നു,. ഒപ്പം ആ സുന്ദരിയും, അവരുടെ കൂടെ വന്നവരും ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു, ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. ആറു മുഖങ്ങളിലും അതിന്റെ തിളക്കം തെളിഞ്ഞു.
തടാകവും ബോടുകളും അതിന്റെ പശ്തലതിലുള്ള കാടും ഒരു തവണ കൂടി നോക്കി ഞങ്ങള്‍ തിരിച്ചു നടന്നു. തിരിച്ചു നടക്കുന്ന വഴിയില്‍ ഒരു കുരങ്ങന്‍ ഞങ്ങളെ നോക്കിനിന്നു. ആരെ പരിചയമുണ്ടോ ആവോ അതിനു..എന്തായാലും ഞങ്ങളുടെ ക്യാമറ അതിന്റെ ഭാവങ്ങള്‍ ഒപ്പിയെടുത്തു.ഞാന്‍ അഭിനയത്തില്‍ മോശമല്ലെന്നവണ്ണം അത് നന്നായി പോസ് ചെയ്തു.അവസാനം ഭൂമിയുടെ ആ അവകാശിയെയും യാത്രയാക്കി, ഇനി ഒരിക്കല്‍ വരാമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു.
ഇനിയെങ്ങോട്ടാണ് അടുത്ത യാത്രയെന്ന് തീരുമാനിക്കാനായി...
അങ്ങനെ ഞങ്ങളുടെ...
യാത്ര തുടരുന്നു...

         

തേക്കടിയിലേക്കുള്ള വഴി


(കടപ്പാട് : ഗൂഗിള്‍, വിക്കിപീഡിയ)